Monday, July 2, 2007

വേണമെന്നു വെച്ചിട്ടല്ലല്ലോ മനപ്പൂര്‍വ്വമല്ലേ

കഴിഞ്ഞ നവംബറില്‍ നാട്ടില്‍ പോയപ്പോള്‍ അച്ചുവിനും എനിക്കും ചെങ്കണ്ണ് ഉണ്ടായി .എന്‍റെ ചേച്ചിമാരുടെ കുഞ്ഞുങ്ങളോടൊപ്പം കളിക്കാന്‍ കൊതിച്ചിരുന്ന അച്ചുവിനു വന്ന ദേഷ്യത്തിന് കണക്കില്ല. അത് സ്കൂളില്‍ നിന്നു കൊണ്ടു വന്ന പെങ്ങള്‍ക്ക് അവന്‍ കണക്കിനു കൊടുക്കുകയും ചെയ്തു.


രാത്രിയായപ്പോള്‍ അവനു പനിയും കൂടി ഉണ്ടായി . മന്നമ്മയും മീനമ്മയും എടുത്തിട്ടൊന്നും അവന്‍ സമ്മതിക്കുന്നില്ലായിരുന്നു. എനിക്കും കണ്ണു തുറക്കുമ്പോള്‍ അസ്വസ്ഥതയായതുകൊണ്ട് ഞാന്‍ അവനെ മടിയിലെടുത്ത് കണ്ണടച്ചിരുന്നു. എന്തോ അവന് അടങ്ങിയിരിക്കാന്‍ കഴിയണുണ്ടായിരുന്നില്ല. എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൈയ്യും കലാശവും കാട്ടുന്നതിനിടയില്‍ അവന്‍റെ കൈ എന്‍റെ കണ്ണില്‍ കൊണ്ടു. അല്ലെങ്കിലേ ദേഷ്യം പിടിച്ചിരുന്ന ഞാന്‍ അടങ്ങിയിരിക്കാന്‍ പറഞ്ഞ് അവനെ വഴക്കു പറഞ്ഞു . അപ്പോ കരഞ്ഞുകൊണ്ട് അവന്‍ പറയാ

"ഞാന്‍ വേണം ന്ന് വെച്ചിട്ടല്ലല്ലോ അമ്മേ മനപ്പൂര്‍വ്വമല്ലേ " എന്ന്


ആ വേദനക്കിടയിലും ഞാന്‍ അറിയാതെ ചിരിച്ചുപോയി. കൂടെ ബാക്കിയെല്ലാവരും

Wednesday, June 20, 2007

പെയിന്റടി

ആദ്യതവണ നാട്ടില്‍ പോയപ്പോള്‍ അച്ചു പകല്മുഴുവനും അടുത്തവീട്ടിലാണ്ചിലവഴിച്ചിരുന്നത്.അവിടത്തെ ആടുകളെ നോക്കലായിരുന്നു പണി.

വെള്ളം കൊടുക്കലും പ്ളാവില പെറുക്കികൊടുക്കലുമൊക്കെയായി മുഴുവന്‍ സമയവും ആടുകളുടെകൂടെതന്നെ. അവിടത്തെ ഗീതമ്മായി അവനോട് രാത്രി ആട്ടിന്‍കൂട്ടില്‍ തന്നെ കിടന്നോളാന്‍ പറയാറുണ്ട്.എന്‍റെ കൈയ്യിന്മേല്‍ തല വെച്ച് കിടന്നാലേ ഉറക്കം വരൂന്നുള്ളതുകൊണ്ടാവാം അവന്‍ അതിനെ പറ്റി ആലോചിക്കാതിരുന്നത്.

ഒരുദിവസം അവനവിടെ ചെല്ലുമ്പോള്‍ അമ്മായി മുറ്റം ചാണകം മെഴുകുകയായിരുന്നു. അവന്‍റെ വഴി മുടക്കുന്ന ആ പരിപാടി അവനത്ര ഇഷ്ടമായില്ലെന്നു തോന്നുന്നു. അവനമ്മായിയോടിങ്ങനെ ചോദിച്ചത്രേ

"ഇതെന്തിനാ ഗീതമ്മായി മുറ്റത്ത് പെയിന്‍റടിക്കണത് ? ഇതെന്തു പെയിന്‍റാ? എന്തായാലും ഈ പെയിന്‍റിനൊരു ജാതി മണാണ്ട്ടാ . എന്തോരം പെയിന്‍റ് വാങ്ങാന്‍ കിട്ടും ,നല്ല മണള്ളത് . അത് വാങ്ങി അടിച്ചാ മത്യാട്ന്നില്ലേ?

Tuesday, March 6, 2007

അച്ചുവിന്‍റെ അടികുറിപ്പ്.

അച്ചുവും അച്ഛനും വലിയ ചര്‍ച്ചകളിലായിരുന്നു. അതിനിടയില്‍ അച്ചു ചിരിക്കാന്‍ വകയുള്ള മണ്ടത്തരങ്ങള്‍ ഓരോന്ന് പറയുന്നുണ്ട്. അപ്പോഴാണ് അച്ഛന് ഒരു ഐഡിയ തോന്നിയത്. ഇവന്‍ പറയുന്നതൊക്കെ നമുക്ക് ഡയറികുറിപ്പുകള്‍ ആയി എഴുതിവെക്കണം . കുറെകാലം കഴിയുമ്പോള്‍ വായിച്ച് ചിരിക്കാമല്ലോ.ഉടനെ അച്ചുവിന്‍റെ നിര്‍ദ്ദേശം വന്നു.അടികുറിപ്പ് ഞാനെഴുതാം . അച്ഛന്‍ അന്തം വിട്ടുപോയി .മര്യാദക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല, കളിക്കുടുക്ക വാങ്ങികൊടുത്താല്‍ പോലും ക്ഷമയോടെ മുഴുവന്‍ വായിക്കാത്തവന് എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതുമെന്ന് അറിയുന്നത്. മോനെവിടാ അടികുറിപ്പ് എഴുതികണ്ടത്? അച്ഛന് ഭയങ്കര ആകാംക്ഷ .
മോന്‍റെ മറുപടി ഇതായിരുന്നു- എനിക്ക് ദിവസവും അടികിട്ടുന്നുണ്ടല്ലോ. അതിനെപറ്റീയെഴുതുന്ന കുറിപ്പാണ് അടികുറിപ്പ്.

Saturday, February 17, 2007

മരംകോള്

അച്ചുവും ഞാനും കൂടി ഒരുദിവസം ബാല്ക്കണി വൃത്തിയാക്കുകയായിരുന്നു.ഉപയോഗശൂന്യമായ ഒരു സ്റ്റാന്‍ഡ് ഊരിയെടുത്ത് അവന്‍റടുത്ത് കച്ചറയിലിടാന്‍ കൊടുത്തുവിട്ടു.തിരിച്ചുവന്ന അവന്‍ ഭയങ്കര സന്തോഷത്തില്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു."മരംകോള് തന്നെ.ആ അങ്കിളിന് മരം‍കോളൊത്തു".എനിയ്ക്കൊന്നും മനസ്സിലായില്ല

അവനെന്നെ പിടിച്ച് ബാല്ക്കണിയില്‍ കൊണ്ടുപോയി.അവിടെ കച്ചറയില്നിന്ന് സാധനങ്ങള്‍ പെറുക്കുന്ന ആള്‍ ഇവന്‍ കൊണ്ടിട്ട സ്റ്റാന്‍ഡിന്‍റെ ഭാഗങ്ങള്‍ പെറുക്കിയെടുക്കുകയാണ്.അയാള്‍ക്ക് "മലങ്കോളൊത്തു" എന്നാണിവന്‍ പറഞ്ഞോണ്ടിരുന്നത്.

സിനിമയില്‍ നിന്ന് കേട്ടൂ പഠിച്ചത് പ്രയോഗിച്ച് നോക്കിയപ്പോള്‍ അങ്ങനെയായിപോയതാണ്.

Monday, February 12, 2007

എന്റെ അച്ചു

അച്ചുവും പൂമ്പാറ്റയും
ഒരു പെണ്‍കുട്ടിയെ പിറകില്‍ കയറ്റി അച്ചുവിന്‍റെ
ആദ്യ ടൂവീലര്‍ യാത്ര

അവന്‍റെ വല്യേട്ടന്‍ കെട്ടിച്ച കോമാളിവേഷം

Saturday, February 10, 2007

അച്ചുവിന്‍റെ അമ്മ

ഇന്നാളൊരു ദിവസം അച്ചുവുമായി എന്തോ സംസാരിക്കുകയായിരുന്നു. എന്തോ പറയുന്നതിനിടയില്‍ മനസ്സില്‍ വിഷമമുണ്ടെങ്കിലും 'ഓ അങ്ങനായാല്‍ എനിയ്ക്കെന്താ........' എന്നു ഞാന്‍ അച്ചൂനോട് കളിയായി‍ പറഞ്ഞു.

അപ്പോ അവന്‍ പറയാ "എന്തിനാടീ മോളെ നുണ പറയുന്നത് നിന്‍റെ മനസ്സെനിക്ക് അറിഞ്ഞൂടെ"ന്ന്.

എന്‍റെ രാമന്‍ പോലും ഇത്ര ആത്മാര്ത്ഥതയോടെ എന്‍റെ മനസ്സറിഞ്ഞ് അതുപോലെ ഒരിക്കലും പറഞ്ഞിരുന്നില്ല.

പലപ്പോഴും എന്‍റെ കുട്ടിത്തം മാറാത്തതുകൊണ്ട് അവന്‍റെ കുഞ്ഞു കുഞ്ഞു തെറ്റുകള്‍ക്കു പോലും വലിയ ശിക്ഷകള്‍ ഞാന്‍ കൊടുത്തിരുന്നെന്നു തോന്നുന്നു......

ഇന്നിപ്പോള്‍ ഞാനവനെ കൂടുതല്‍ സ്നേഹിക്കുന്നു. എന്റെ ജീവനേക്കാളേറെ.
കൂടുതല്‍ പക്വതയോടെ ..............

ഇത് എനിക്കും രാമനും അവനും എന്നെന്നും ഓര്‍ത്തു വെക്കാന്‍ ചില ഡയറികുറിപ്പുകള്‍ മാത്രം.